തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾക്കിടെ സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ശക്തമാക്കി. മകൾ വീണ വിജയന്റെ ഫ്ലാറ്റ് ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
വീണ വിജയന് വിദേശ ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ അതുവഴി നടന്നിട്ടുണ്ടെന്നും ആരോപിച്ച് ഷോൺ ജോർജ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അബുദാബി കൊമേഴ്ഷ്യൽ ബാങ്ക് വഴിയുള്ള ഇടപാടുകളെക്കുറിച്ചും എസ്.എൻ.സി ലാവ്ലിൻ, പി.ഡബ്ല്യു.സി ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്ന് പണമെത്തിയെന്നുമായിരുന്നു ആരോപണം. ഇപ്പോഴത്തെ ഇഡി നീക്കങ്ങൾ ഈ ആരോപണങ്ങൾക്ക് കൂടുതൽ ഗൗരവം നൽകുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വസതികൾ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വീട്, വീണ വിജയന്റെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം.
സി.എം.ആർ.എലിൽ നിന്നു പണം കൈപ്പറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ‘പി.വി.’ എന്ന ചുരുക്കപ്പേര് തന്റേതല്ലെന്നായിരുന്നു മുഖ്യമന്ത്രി ആയിരിക്കെ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. “ഈ നാട്ടിൽ എത്രയോ പി.വിമാരുണ്ട്” എന്നായിരുന്നു അന്നത്തെ വിശദീകരണം. തനിക്കുമെതിരെ മകൾ വീണ വിജയനുമെതിരെ ഉയർന്ന മാസപ്പടി ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകൾ വിശ്വാസ്യതയില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സി.എം.ആർ.എലിൽ നിന്നു തിരഞ്ഞെടുപ്പ് ഫണ്ട് കൈപ്പറ്റിയെന്ന ആരോപണവും പിണറായി വിജയൻ നിഷേധിച്ചിരുന്നു. എന്നാൽ കേസിൽ ഹൈക്കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതിന് പിന്നാലെ ഇഡി മുൻ മുഖ്യമന്ത്രിയുടെ വസതികളിൽ പരിശോധന നടത്തുന്നത് രാഷ്ട്രീയമായി നിർണായക സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് സേവനം നൽകാതെയാണ് സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയതെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രധാന കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഈ സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും കണ്ടെത്തലിലുണ്ട്.
അതേസമയം, സി.പി.എം നേതൃത്വവും എക്സാലോജിക്കും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള നിയമാനുസൃത സേവന കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പണമിടപാടുകളെന്നും എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണെന്നും ഇവർ വിശദീകരിക്കുന്നു.
എന്നാൽ കരാറുമായി ബന്ധപ്പെട്ട ഡയറക്ടർ ബോർഡ് അംഗീകാരം, കണക്കുകൾ, സേവനം നൽകിയതിന്റെ രേഖകൾ തുടങ്ങിയവ ഹാജരാക്കാനായില്ലെന്ന കണ്ടെത്തലും അന്വേഷണ രേഖകളിലുണ്ട്. ജി.എസ്.ടി അടച്ചതിന്റെ വിവരങ്ങൾ മാത്രമാണ് ലഭ്യമായതെന്നുമാണ് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വിലയിരുത്തൽ.