Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
ഖത്തറും യുഎഇയും ഒരു തുള്ളി എല്‍എന്‍ജി തന്നില്ല; ഒമാനെ പിടിച്ച് ഇന്ത്യ, പിന്നെ നൈജീരിയയും
മലയാളം

ഖത്തറും യുഎഇയും ഒരു തുള്ളി എല്‍എന്‍ജി തന്നില്ല; ഒമാനെ പിടിച്ച് ഇന്ത്യ, പിന്നെ നൈജീരിയയും

May 06, 2026
1 min read

ദുബായ്: പശ്ചിമേഷ്യയില്‍ ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം ഇന്ത്യയെ നേരിട്ട് ബാധിച്ചുവെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത്. ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്ന ഖത്തറും യുഎഇയും ഏപ്രിലില്‍ മുഖം തിരിച്ചു. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് തീരെ എല്‍എന്‍ജി കിട്ടിയില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിച്ചു.


വാതകം കിട്ടാതെ വന്നത് ഇന്ത്യയില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇറാന്‍ ഹോര്‍മുസ് പാത അടച്ചതാണ് യുഎഇയും ഖത്തറും കയറ്റുമതിയില്‍ നിന്ന് പിന്മാറാന്‍ കാരണം. ഖത്തറില്‍ വാതക കേന്ദ്രം ഇറാന്‍ ആക്രമിച്ചിരുന്നു. യുഎഇയും കനത്ത തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എല്‍എന്‍ജി വന്നില്ല. ഇതോടെയാണ് ഇന്ത്യ ബദല്‍ മാര്‍ഗം സ്വീകരിച്ചത്.

ഖത്തറില്‍ നിന്നും യുഎഇയില്‍ നിന്നും വാതകം ലഭിക്കില്ലെന്ന് മനസിലാക്കിയ ഇന്ത്യ ഒമാനെയും നൈജീരിയയെയുമാണ് ആശ്രയിച്ചത് എന്ന് കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരിയില്‍ ഖത്തറില്‍ നിന്ന് 1.055 മില്യണ്‍ ടണ്‍ എല്‍എന്‍ജി ഇന്ത്യ ഇറക്കിയിരുന്നു. ഫെബ്രുവരിയില്‍ 7.65 ലക്ഷമായി കുറഞ്ഞു. മാര്‍ച്ചില്‍ വെറും 60000 ടണ്‍ ആയി. ഏപ്രിലില്‍ പൂര്‍ണമായും നിലച്ചു


ജനുവരിയില്‍ യുഎഇയില്‍ നിന്ന് 4.03 ലക്ഷം ടണ്‍ എല്‍എന്‍ജി ഇന്ത്യ ഇറക്കിയിരുന്നു. മാര്‍ച്ചില്‍ 1.31 ലക്ഷം ടണ്‍ ആയി കുറഞ്ഞു. ഏപ്രിലില്‍ തീരെ ഇറക്കുമതി നടന്നില്ല. നൈജീരിയക്ക് പുറമെ അംഗോളയെയും ഇന്ത്യ എല്‍എന്‍ജിക്ക് വേണ്ടി ബന്ധപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഒമാനില്‍ നിന്ന് ഇന്ത്യ ഇറക്കിയത് 2.22 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ്. ഏപ്രിലില്‍ 5.85 ലക്ഷമായി ഉയര്‍ന്നു. നൈജീരിയയില്‍ നിന്നുള്ള കണക്കുകള്‍ 4.82 ലക്ഷം ടണ്ണിലെത്തിയിട്ടുണ്ട്. അംഗോളയില്‍ നിന്നുള്ള ഇറക്കുമതി 2.75 ലക്ഷം ടണ്‍ ആയി.


എല്‍എന്‍ജി എന്നാല്‍ ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകമാണ്. സാധാരണ കാണുന്ന വാതകങ്ങളില്‍ നിന്നും എല്‍എന്‍ജിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഭൗതികാവസ്ഥയും ഉപയോഗിക്കുന്ന രീതിയുമാണ്. പ്രകൃതിവാതകം ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന മീഥൈന്‍ വാതകമാണ്. ഈ വാതകത്തെ -162 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവകമാക്കുമ്പോഴാണ് എല്‍എന്‍ജി എന്ന് വിളിക്കുന്നത്


വാതക രൂപത്തില്‍ പൈപ്പ് ലൈനുകള്‍ വഴി എത്തിക്കാന്‍ പറ്റാത്ത ദൂരങ്ങളിലേക്ക് കപ്പലുകള്‍ വഴിയും മറ്റും വലിയ അളവില്‍ കൊണ്ടുപോകാനാണ് ഇങ്ങനെ ദ്രാവകമാക്കുന്നത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാതകമാണ് എല്‍പിജി. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വാതകമാണ് സിഎന്‍ജി. എല്‍എന്‍ജി പ്രധാനമായും കപ്പലുകളില്‍ ഇന്ധനമായിട്ടാണ് ഉപയോഗിക്കുക.