Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
മലയാളം

തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

May 16, 2026
1 min read

ചെന്നൈ: തൃഷ കൃഷ്ണനും സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ കറുപ്പിന് തമിഴ്‌നാട്ടില്‍ പ്രത്യേക ഷോ നടത്താന്‍ അനുമതി. രാവിലെ ഒമ്പത് മണിക്കുള്ള പ്രദര്‍ശനത്തിനാണ് വിജയ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് നന്ദി അറിയിച്ചു. മെയ് 14നാണ് കറുപ്പ് റിലീസ്.

വിജയുടെ ചിത്രം പങ്കുവച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിജയ് ഇരിക്കുന്ന ചിത്രമാണ് അവര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്ക്ക് പ്രത്യേക നന്ദി. മെയ് 14ന് രാവിലെ ഒമ്പത് മണിക്ക് ഷോയുണ്ടാകുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പലതരം ചര്‍ച്ചകള്‍ക്ക് ഇതിടയാക്കി.

വിജയ്-തൃഷ സൗഹൃദം കൂടി സൂചിപ്പിച്ചാണ് പലരും പുതിയ തീരുമാനത്തോട് പ്രതികരിച്ചിരിക്കുന്നത്. മെയ് 10നാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൃഷ ചടങ്ങില്‍ സംബന്ധിച്ച് പ്രധാന വാര്‍ത്തയായിരുന്നു. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ കണ്ണ് നിറച്ച് വികാരഭരിതയായി ഇരിക്കുന്ന തൃഷയുടെ വീഡിയോയും പുറത്തുവന്നിരുന്നു.

സിനിമാ രംഗത്തുള്ള പ്രമുഖരെല്ലാം വിജയ്ക്ക് ആശംസ അറിയിച്ചു രംഗത്തുവന്നു. ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ് എന്ന് സൂര്യ പ്രതികരിച്ചു. ''തന്റെ സുഹൃത്ത് വിജയില്‍ തമിഴ്‌നാട് വലിയ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ അധ്യായം കുറിക്കുന്ന വിജയ്ക്ക് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു'' എന്ന് സൂര്യ എക്‌സില്‍ കുറിച്ചു. കറുപ്പ് സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു ട്രെയിലര്‍. ആക്ഷനും കോടതി രംഗങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സിനിമ സൂര്യയുടെ മറ്റൊരു ഹിറ്റാകുമെന്നാണ് കരുതുന്നത്. ഒരു വൃദ്ധനും കൊച്ചുമകളും വിവാദത്തില്‍പ്പെടുന്നതും നീതിക്ക് വേണ്ടി പോരാടുന്നതുമാണ് സിനിമയുടെ തുടക്കം.

തൃഷയാണ് ഇവരുടെ അഭിഭാഷകയായി എത്തുന്നത്. ആര്‍ജെ ബാലാജി വില്ലന്‍ വേഷത്തിലാണുള്ളത്. നിയമ നടപടികള്‍ നീളുന്ന ഘട്ടത്തിലാണ് സൂര്യയുടെ കഥാപാത്രത്തിന്റെ വരവ്. കോടതിക്ക് അകത്തും പുറത്തും നടക്കുന്ന പോരാട്ടങ്ങളും കിടലന്‍ സംഭാഷണങ്ങളും നിറയുന്നതാണ് സിനിമ. ആര്‍ജെ ബാലാജിയാണ് കഥയും സംവിധാനവും. സൂര്യ, തൃഷ കൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ, ഇന്ദ്രന്‍സ്, സ്വാസിക, ശിവദ, അനഘ മായ രവി, സുപ്രീത് റെഡ്ഡി തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ സിനിമയിലുണ്ട്. സായ് അഭ്യങ്കര്‍ ആണ് സംഗീതം. തൃഷയും സൂര്യയും ഏറെ കാലത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് കറുപ്പ്.