Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
Vijay Cabinet: പോലീസ് വകുപ്പ് വിജയ്ക്ക് കീഴില്‍; വ്യവസായം യുവ വനിതാ എംഎല്‍എയ്ക്ക്, അരുണ്‍രാജിന് ആരോഗ്യം
മലയാളം

Vijay Cabinet: പോലീസ് വകുപ്പ് വിജയ്ക്ക് കീഴില്‍; വ്യവസായം യുവ വനിതാ എംഎല്‍എയ്ക്ക്, അരുണ്‍രാജിന് ആരോഗ്യം

May 16, 2026
1 min read

തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ചുമതലയേറ്റ ശേഷം പുതിയ മന്ത്രിസഭയിലെ വകുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതുഭരണം, ആഭ്യന്തരം, പോലീസ്, വനിതാ ക്ഷേമം, യുവജനക്ഷേമം, ശിശുക്ഷേമം, ഭിന്നശേഷി ക്ഷേമം, നഗരകാര്യം, ജലവിതരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പുവിഭജനം സംസ്ഥാന ഭരണത്തിന് വേഗത നൽകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

പുതിയ മന്ത്രിസഭയിൽ ബുസി ആനന്ദിന് ഗ്രാമവികസന, ജലവിഭവ വകുപ്പുകൾ ലഭിച്ചു. ധനകാര്യം, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ എന്നീ വകുപ്പുകളുടെ ചുമതല മുതിർന്ന നേതാവായ കെ.എ. സെൻഗോട്ടയ്യനാണ്. പൊതുമരാമത്ത്, കായിക വികസന വകുപ്പുകൾ ആദവ് അർജുനയ്ക്ക് ലഭിച്ചു. പ്രമുഖ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മരുമകൻ കൂടിയായ ആദവ് അർജുന വിജയിയുടെ അടുത്ത വിശ്വസ്തനും പാർട്ടി തന്ത്രജ്ഞനുമായാണ് അറിയപ്പെടുന്നത്.

ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ പ്രധാന വകുപ്പുകൾ ഡോ. കെ.ജി. അരുൺരാജിനാണ്. ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃ സംരക്ഷണം, വിലനിയന്ത്രണം തുടങ്ങിയ വകുപ്പുകൾ പി. വെങ്കട്ടരമണൻ കൈകാര്യം ചെയ്യും. ഊർജ്ജ വിഭവങ്ങൾ (വൈദ്യുതി), നിയമം, കോടതി, ജയിൽ, അഴിമതി വിരുദ്ധ വകുപ്പുകൾ ആർ. നിർമൽ കുമാറിന് ലഭിച്ചു.

സ്കൂൾ വിദ്യാഭ്യാസം, തമിഴ് വികസനം, വാർത്താ-പ്രചാരണ വകുപ്പുകൾ രാജ്‌മോഹൻ കൈകാര്യം ചെയ്യുമ്പോൾ, ഡോ. ടി.കെ. പ്രഭുവിന് ഖനന, ധാതുവിഭവ വകുപ്പിന്റെ ചുമതലയുണ്ട്. വ്യവസായം, നിക്ഷേപ പ്രോത്സാഹനം എന്നീ സുപ്രധാന വകുപ്പുകൾ സെൽവി എസ്. കീർത്തനയ്ക്കാണ്. പുതുമുഖങ്ങൾക്കും യുവത്വത്തിനും പ്രാധാന്യം നൽകുന്ന മന്ത്രിസഭയിൽ 29 വയസ്സുകാരിയായ കീർത്തനയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.


ഡോക്ടർ ബിരുദധാരിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ കെ.ജി. അരുൺരാജിന് ആരോഗ്യ വകുപ്പ് നൽകിയത് ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. മുൻ സർക്കാരിൽ എം. സുബ്രഹ്മണ്യൻ കൈകാര്യം ചെയ്തിരുന്ന ഈ വകുപ്പ്, അരുൺരാജിന്റെ വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് നൽകിയതാകാമെന്ന് വിലയിരുത്തപ്പെടുന്നു. തമിഴ്‌നാട് വെട്രികഴകം സർക്കാർ കഴിഞ്ഞ ഞായറാഴ്ചയാണ് അധികാരമേറ്റത്

.മുഖ്യമന്ത്രി വിജയിയും ഒമ്പത് മന്ത്രിമാരും ശനിയാഴ്ച സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ബുസി ആനന്ദ്, ആദവ് അർജുന, അരുൺരാജ്, കെ.എ. സെൻഗോട്ടയ്യൻ, പി. വെങ്കട്ടരമണൻ, നിർമൽ കുമാർ, രാജ്‌മോഹൻ, ഡോ. ടി.കെ. പ്രഭു, എസ്. കീർത്തന എന്നിവരാണ് വിജയിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

സേലം സ്വദേശിയായ അരുൺരാജ് 2009-ൽ ഐആർഎസ് പരീക്ഷ പാസായി ചെന്നൈയിൽ ഇൻകം ടാക്സ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2016 ഡിസംബറിൽ ശേഖർ റെഡ്ഡിയുടെ സുഹൃത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ₹ 70 കോടി രൂപ പിടിച്ചെടുത്ത ഉദ്യോഗസ്ഥ സംഘത്തിലും ഇദ്ദേഹമുണ്ടായിരുന്നു.


2021 മാർച്ചിലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബീഹാറിലേക്ക് സ്ഥലം മാറ്റിയ അരുൺരാജ് പട്നയിൽ ആദായനികുതി വകുപ്പിൽ അഡീഷണൽ കമ്മീഷണറായി സേവനമനുഷ്ഠിച്ചു. അതേ വർഷം മെയ് മാസത്തിൽ അദ്ദേഹം സർക്കാർ ജോലി രാജിവെക്കുകയും രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന്റെ സ്വയം വിരമിക്കലിന് അംഗീകാരം നൽകുകയും ചെയ്തു.


നടൻ രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അരുൺരാജ് അദ്ദേഹവുമായി അടുപ്പം പുലർത്തിയിരുന്നു. എന്നാൽ രജനീകാന്ത് പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് പിന്മാറിയതോടെ അരുൺരാജ് നിരാശനായിരുന്നുവത്രെ. പിന്നീട്, നടൻ വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ അരുൺരാജ് അദ്ദേഹത്തോടൊപ്പം ചേർന്നു

.2020-ൽ നടൻ വിജയ് 'മാസ്റ്റർ' സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ നടന്ന ആദായനികുതി റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരിലൊരാൾ അരുൺരായിരുന്നു. റെയ്ഡിനിടെ വിജയിനുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ അരുൺരാജ് സഹായിച്ചിരുന്നതായും അതിനുശേഷം ഇരുവരും നല്ല സൗഹൃദത്തിലാണെന്നും പറയപ്പെടുന്നു. വിജയ് പാർട്ടി രൂപീകരിച്ചതുമുതൽ അരുൺരാജ് അദ്ദേഹവുമായി അടുപ്പം പുലർത്തി. തമിഴക വെട്രികഴകത്തെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യാനും അദ്ദേഹം സഹായിച്ചു