അടുത്തിടെ മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കിയ വിവാദങ്ങളിൽ ഒന്നായിരുന്നു സുമതി വളവ് എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ളത്. ചിത്രത്തിന്റെ നിർമ്മാതാവായ വ്യവസായി മുരളി കുന്നുംപുറത്തിൽ നടത്തിയ തുറന്നുപറച്ചിലുകൾ ആയിരുന്നു ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ഒന്നായാണ് സുമതി വളവിനെ പലരും കണക്കാക്കിയത്, മുരളിയുടെ തുറന്നുപറച്ചിൽ വരുന്നത് വരെ.
ചിത്രം തനിക്ക് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയെന്നാണ് മുരളി കുന്നുംപുറത്തിൽ ആരോപിച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകൻ വിഷ്‌ണു ശശി ശങ്കർ എന്നിവർക്ക് എതിരെയും മുരളി ആരോപണം ഉന്നയിച്ചിരുന്നു. തന്റെ കട ബാധ്യതകളെ സുമതി വളവ് ഉണ്ടാക്കിയ സാമ്പത്തിക നഷ്‌ടത്തെ കുറിച്ചുമൊക്കെ ലൈവ് വീഡിയോയിൽ ആയിരുന്നു മുരളി കുന്നുംപറമ്പത്ത് സംസാരിച്ചത്.
ഇപ്പോഴിതാ പുതിയ പ്രതികരണവുമായി മുരളി കുന്നുംപുറത്ത് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പ്രതിസന്ധികളിൽ കൂടെ നിന്ന ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ, വേണു കുന്നപ്പിള്ളി എന്നിവർക്ക് നന്ദി പറയുകയാണ് അദ്ദേഹം. തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്നേഹവും വിശ്വാസവും ചേർന്നാണ് അത് സാധ്യമാകുന്നതെന്നും മുരളി കുന്നുംപുറത്ത് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി. മുരളി കുന്നംപുറത്തിന്റെ വാക്കുകൾ കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല. എന്നാൽ ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കിയ ഒരു വലിയ സത്യമുണ്ട് - നമ്മൾ കരുതുന്നതിലുപരി മനുഷ്യരുടെ സ്നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിർത്താൻ കഴിയും എന്ന്.
സിനിമാ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ, നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്നെ നേരിൽ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകൾ.. എല്ലാവരും നൽകിയ പിന്തുണയും സ്നേഹവുമാണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി. ജീവിതം മുന്നോട്ട് പോകുമ്പോൾ ആളുകളും തങ്ങളുടെ തിരക്കുകൾക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ചില മനുഷ്യർ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി. പ്രിയപ്പെട്ട വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ എന്നെ വിളിച്ച് എന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്യുന്നത് എനിക്ക് വാക്കുകൾക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്. നല്ല സമയത്ത് നമുക്കൊപ്പം നിൽക്കുവാൻ ഒരുപാട് പേർ ഉണ്ടാകും. എന്നാൽ ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളിൽ ഒരു മനുഷ്യന്റെ ചുമലിൽ കൈവെച്ച് "ഞങ്ങൾ കൂടെയുണ്ട്" എന്ന് പറയുന്നവർ വളരെ അപൂർവ്വമാണ്. അത്തരത്തിലുള്ള മനുഷ്യരാണ് ഇവർ. അവരുടെ സൗഹൃദത്തിനും കരുതലിനും ഞാൻ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുന്നു. ഈ സ്നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം. നല്ല മനുഷ്യരുമൊത്ത് കൂടുതൽ നല്ല സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.
എന്നെ വിശ്വസിച്ച, എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്നേഹവും വിശ്വാസവും ചേർന്നാണ് അത് സാധ്യമാകുന്നത്.