Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
'മുകേഷുമായി ഞാൻ അന്ന് ഉടക്കിലായിരുന്നു, ജയറാം ഒഴിവാക്കിയ സിനിമകൾ എല്ലാം സൂപ്പർഹിറ്റായി മാറി'; തുളസീദാസ്
മലയാളം

'മുകേഷുമായി ഞാൻ അന്ന് ഉടക്കിലായിരുന്നു, ജയറാം ഒഴിവാക്കിയ സിനിമകൾ എല്ലാം സൂപ്പർഹിറ്റായി മാറി'; തുളസീദാസ്

June 07, 2026
0 min read

മലയാള സിനിമയിലെ ഒട്ടേറെ സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകരിൽ ഒരാളാണ് തുളസീദാസ്. എൺപതുകളുടെ അവസാനം മുതൽ രണ്ടായിരങ്ങളിൽ വരെ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. മോഹൻലാൽ, ജയറാം, സുരേഷ് ഗോപി അടക്കമുള്ള സൂപ്പർതാര ചിത്രങ്ങളും അതിൽ ഉൾപ്പെടുന്നു. അത്തരത്തിൽ അന്നത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. മാസ്‌റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു തുളസീദാസ്.

ലാലേട്ടന്റെ അടുത്തേക്ക് പോവുമ്പോൾ ശരിക്കും പറഞ്ഞാൽ മിസ്‌റ്റർ ബ്രഹ്മചാരി എന്റെ മനസിലെ ഇല്ലായിരുന്നു. വലിയ ബിഗ് ബജറ്റ് ആക്ഷൻ സിനിമകൾ ഒക്കെ ചെയ്യുന്ന കാലമായിരുന്നു. അപ്പോൾ അത് അനുസരിച്ചുള്ള കഥയായിരുന്നു ഞാൻ കൊണ്ട് പോവുന്നത്. നല്ല ത്രില്ലിംഗ് ആയിട്ടുള്ളൊരു സബ്‌ജക്റ്റ് ആയിരുന്നു. അത് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ലാലേട്ടൻ പറഞ്ഞത് ഇങ്ങനെയൊരു കഥ അല്ല തുളസിയിൽ നിന്ന് വേണ്ടത് എന്നായിരുന്നു.

അപ്പോൾ പിന്നെ പെട്ടെന്ന് മനസിൽ വന്നതാണ്. ചിലപ്പോൾ ഒരു അവസരം ആയിരിക്കും ലാലേട്ടനെ കാണാനും കഥ പറയാനുമൊക്കെ കിട്ടുക. എനിക്ക് തോന്നി പുള്ളി ഒരു കോമഡി മൂഡിലുള്ള കഥ ആയിരിക്കും ഉദ്ദേശിക്കുന്നതെന്ന്. ഇതും അതുപോലെ കോമഡി മൂഡിൽ വച്ചിരിക്കുന്ന ഒരു കഥയായിരുന്നു. തമ്പിയണ്ണൻ എന്നൊരു കഥാപാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ആദ്യ പടത്തിന് പോലും ലാലേട്ടന്റെ അടുത്തേക്കാണ് ഞാൻ പോവുന്നത്. പൂച്ചയ്ക്കാര് മണി കെട്ടും എന്നുള്ള സിനിമയും അങ്ങനെ തന്നെയായിരുന്നു. ആദ്യം മനസ്സിൽ തോന്നിയത് ഇപ്പോൾ മുകേഷ് ചെയ്‌ത ക്യാരക്‌ടർ മോഹൻലാലും, സിദ്ദിഖിന്റെ ക്യാരക്‌ടർ മുകേഷും. അങ്ങനെ ആലോച്ചിരുന്നു. ഞാൻ ബഷീറിക്കയോട് സംസാരിച്ചു. പക്ഷേ ബഷീറിക്ക പറഞ്ഞത് ലാലിനെ ഒന്നും ഇപ്പോൾ പെട്ടന്ന് കിട്ടില്ല, എനിക്ക് പെട്ടെന്ന് ഓണത്തിന് പടം റിലീസ് ചെയ്യണം എന്നായിരുന്നു. അങ്ങനെയാണ് മാറ്റേണ്ടി വന്നത്.

അപ്പോൾ ഞാൻ പറഞ്ഞു, ഞാനും മുകേഷും ആയിട്ട് ഒരു ഉടക്കിൽ നിൽക്കുകയാണ്. ഞാൻ പിന്നെ സംസാരിച്ചിട്ടില്ല, ബഷീറിക്ക അതൊന്നും പ്രശ്‌നമില്ല എന്ന് പറഞ്ഞു. കോഴിക്കോട് ആയിരുന്നു അന്ന് മുകേഷ് ഉള്ളത്. അവിടെ എത്തിയപ്പോൾ തുളസി വാ എന്നൊക്കെ പറഞ്ഞു എന്നെ കൂട്ടികൊണ്ട് പോയി. സിനിമയിലുള്ള ഉടക്കും കാര്യങ്ങളും ഒക്കെ അത്രയേ ഉള്ളൂ, അതൊക്കെ കാണുമ്പോൾ അങ്ങ് മാറും. ഒരു കുടുംബം പോലെയല്ലേ സിനിമ. അങ്ങനെ കഥയൊക്കെ പറഞ്ഞു, നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. അത് കഴിഞ്ഞിട്ട് പിന്നെ മോഹൻലാലിന്റെ അടുത്തേക്ക് പോവുന്നത് മിന്നാമിനുങ്ങിന് മിന്നുകെട്ട് എന്ന സിനിമയ്ക്ക് വേണ്ടി ആയിരുന്നു. അങ്ങനെ കോഴിക്കോട് നിന്ന് ഞാൻ ഊട്ടിയിലേക്ക് പോവാൻ നിൽക്കുകയായിരുന്നു. അവിടെ സുരേഷേട്ടൻ നിൽക്കുന്നു. അദ്ദേഹത്തിന്റെ കാറിലാണ് ഊട്ടിയിലേക്ക് പോവുന്നത്. അങ്ങനെ സുരേഷേട്ടന്റെ കാറിൽ ഊട്ടിയിൽ പോയി. അവിടെ സച്ചി എന്നുള്ള പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. അന്ന് ലാലേട്ടനെ കാണാൻ പോയപ്പോൾ അവർ പറഞ്ഞു, ഈ സിനിമ മോഹൻലാലിനെ വച്ചാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ഒരു വർഷം കഴിയാതെ നടക്കില്ല എന്നായിരുന്നു. പ്രോജക്റ്റുകൾ ഞാൻ പറഞ്ഞു തരാം. കൊറേ ലിസ്‌റ്റ് എനിക്ക് തന്നു. അതുവരെ എന്തായാലും വെയിറ്റ് ചെയ്യാൻ പറ്റില്ല. അവിടെ ലാലേട്ടനോട് ഞാൻ വേറൊരു കഥ പറഞ്ഞു, അത് സിബി സാറിന്റെ സിനിമയുമായി സാമ്യം ഉണ്ടല്ലോ എന്നായിരുന്നു ലാലേട്ടൻ ചോദിച്ചത്.

അതുമായി ബന്ധം വരുമെന്ന് പറഞ്ഞു. അവിടെ ഞാൻ നേരെ തിലകൻ ചേട്ടനോടും ശോഭനയോടും മറ്റേ കഥ പറഞ്ഞു. അവരൊക്കെ ഓക്കേ പറഞ്ഞു. പിന്നെ അതിലേക്ക് ജയറാമിനെ വച്ചു. ജയറാം അത് ഗംഭീരമായി ചെയ്‌തു, ജയറാം കഥ എന്നോട് ഇങ്ങോട്ട് പറഞ്ഞു. മലപ്പുറം ഹാജി എന്ന സിനിമയുടെ കഥ ജയറാമിനോട് പറഞ്ഞപ്പോൾ അത് വേണ്ടെന്ന് പറഞ്ഞു. അത് പിന്നീട് മുകേഷേട്ടനെ വച്ച് ചെയ്‌തപ്പോൾ വലിയ ഹിറ്റായി. ജയറാം തന്നെ എന്നോട് എന്നിട്ട് പറഞ്ഞു ഞാൻ വേണ്ടെന്ന് പറയുന്ന കഥയൊക്കെ തുളസിക്ക് ഹിറ്റാണെന്ന്.