Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
'വിജയ്‌യുടെ ടിവികെ സർക്കാർ മൂന്ന് മാസം പോലും തികയ്ക്കില്ല'; വീണ്ടും ആഞ്ഞടിച്ച് എംകെ സ്‌റ്റാലിൻ
മലയാളം

'വിജയ്‌യുടെ ടിവികെ സർക്കാർ മൂന്ന് മാസം പോലും തികയ്ക്കില്ല'; വീണ്ടും ആഞ്ഞടിച്ച് എംകെ സ്‌റ്റാലിൻ

June 08, 2026
1 min read

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുന്ന നിർണായക പരാമർശങ്ങളുമായി വീണ്ടും ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ രംഗത്ത്. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മൂന്ന് മാസത്തിന് മുകളിൽ നിലനിൽക്കില്ലെന്ന തരത്തിലുള്ള പ്രസ്‌താവനയാണ് എംകെ സ്‌റ്റാലിൻ ഏറ്റവും ഒടുവിലായി നടത്തിയിരിക്കുന്നത്.



ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ. മുൻ വിസികെ എംഎൽഎ പനയൂർ ബാബുവും അദ്ദേഹത്തിന്റെ അനുയായികളും ഡിഎംകെയിൽ ചേർന്ന ചടങ്ങിനിടെയാണ് അദ്ദേഹം നിലവിലെ സംസ്ഥാന ഭരണത്തെക്കുറിച്ച് പരാമർശിച്ചത്. സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ആറ് മാസം വിമർശിക്കില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ സാഹചര്യങ്ങൾ വേഗത്തിൽ മാറുന്നുവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.



ഇപ്പോൾ ഉള്ള സർക്കാർ എത്രകാലം നിലനിൽക്കും എന്നതാണ് പ്രധാന ചോദ്യം. ആറു മാസം അല്ല, അഞ്ചു മാസം പോലും അല്ല, മൂന്ന് മാസം പോലും എത്തുമോ എന്ന സംശയം ഉയരുന്നു' എന്ന തരത്തിലുള്ള പ്രസ്‌താവനയാണ് സ്‌റ്റാലിൻ നടത്തിയത്. ഭരണത്തിനെതിരെ വിമർശനം ശക്തമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



തമിഴ് സിനിമാ താരം വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ, 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയെങ്കിലും അന്ന് ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നു. കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയ ശേഷം ഡിഎംകെ സഖ്യത്തിൽ നിന്ന് മാറി വിജയിന് പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ സമവാക്യങ്ങൾ ഒന്നാകെ മാറുകയായിരുന്നു.



ഡിഎംകെ സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ, ഐയുഎംഎൽ എന്നിവർ ഓരോരുത്തരും രണ്ട് സീറ്റുകൾ വീതം നേടി പിന്നീട് ടിവികെയെ പിന്തുണച്ചതോടെ വിജയ് സർക്കാരിന് ആവശ്യമായ പിന്തുണ ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ രൂപീകരണം സാധ്യമായതെന്നും അധികകാലം ഇവർ തുടരില്ലെന്നുമാണ് സ്‌റ്റാലിൻ പറയുന്നത്.



അതേസമയം, ചടങ്ങിൽ വച്ച് പാർട്ടിയിലേക്ക് പുതുതായി എത്തിയ അംഗങ്ങളോട് തങ്ങളുടെ പഴയ പാർട്ടികളെ വിമർശിക്കരുതെന്നും സ്‌റ്റാലിൻ നിർദ്ദേശിച്ചു. ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈയുടെ വാക്കുകൾ ഉദ്ധരിച്ച് പ്രതിപക്ഷ പാർട്ടികളുടെ തോട്ടത്തിലെ മുല്ലയ്ക്കും സുഗന്ധമുണ്ട് എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.



കഴിഞ്ഞ ദിവസവും സ്‌റ്റാലിൻ ടിവികെ സർക്കാരിനെ കുറിച്ച് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പാർട്ടി പ്രവർത്തകരെ കൂടുതൽ ശക്തമായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് ഭരണത്തെ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തതും തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇതോടെ തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ഭരണസ്ഥിരതയും സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്.