ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അൻസിബ ഹസ്സൻ അടക്കമുളള നടിമാർ നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി ശ്വേതാ മേനോൻ രംഗത്ത്. തന്നോട് രാജി വെക്കരുതെന്നും പോരാട്ടം തുടരണമെന്നും പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലും ആണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്വേതാ മേനോൻ വ്യക്തമാക്കുന്നു.
ജനറൽ ബോഡിയിലെ തർക്കങ്ങൾക്ക് പിന്നാലെ രാജി പ്രഖ്യാപിച്ച ശ്വേതാ മേനോൻ കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. നിരപരാധിത്വം തെളിയിക്കാതെ രാജി വെക്കില്ല എന്നാണ് ശ്വേതാ മേനോൻ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ കുറിപ്പിൽ അൻസിബ ഹസ്സന് എതിരെ ശ്വേതയുടെ ഒളിയമ്പുമുണ്ട്. ഓടിളക്കിയോ പിൻവാതിൽ വഴിയോ അല്ല മത്സരിച്ച് വേണം അമ്മയിലേക്ക് വരാൻ എന്നാണ് ശ്വേതാ മേനോന്റെ പരിഹാസം.
ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: "നിങ്ങളുടെ വാക്കുകൾ കൊണ്ട് എന്നെ വേദനിപ്പിക്കാം... പക്ഷേ വായുവിനെ പോലെ ഞാൻ വീണ്ടും ഉയർന്ന് വരും." - മായ ആഞ്ചലോ. എനിക്ക് എന്നും പാറപോലെ ഉറച്ച പിന്തുണ നൽകിയ മമ്മൂക്കയ്ക്കും ലാലേട്ടനും ഹൃദയം നിറഞ്ഞ നന്ദി. രാജിവെക്കരുത്, എന്റെ നിലപാടിൽ ഉറച്ച് നിൽക്കണം, പോരാട്ടം തുടരണമെന്നും അവർ എന്നോട് പറഞ്ഞു. എന്നെ പിന്തുണച്ച എല്ലാ അമ്മ (AMMA) അംഗങ്ങൾക്കും നന്ദി. ഈ പോരാട്ടം തുടരേണ്ടതാണെന്ന് വിശ്വസിച്ച് എനിക്കൊപ്പം നിന്ന എല്ലാവർക്കും ഞാൻ കടപ്പെട്ടിരിക്കുന്നു.
സത്യമേവ ജയതേ. അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ ഫംഗ്ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. അമ്മയുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല''.