ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരാംഗത്വം നല്‍കുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുരക്ഷാ സമിതിയിലെ പരിഷ്‌കരണ നടപടികള്‍ ഗ്ലോബല്‍ സൗത്ത് (വികസ്വര രാജ്യങ്ങള്‍) മേഖലയില്‍ നിന്നുള്ള, പ്രത്യേകിച്ച് ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതാകണമെന്ന് ലാവ്റോവ് പറഞ്ഞു.
സൈനികവല്‍ക്കരണത്തിന്റെയും പ്രതികാരബുദ്ധിയോടെയുള്ള നയങ്ങളുടെയും പാതയിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ജര്‍മ്മനിക്കും ജപ്പാനും കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് സുരക്ഷാ സമിതി പരിഷ്‌കരണത്തിന്റെ ഭാഗമാകാന്‍ പാടില്ല,' ലാവ്റോവ് വ്യക്തമാക്കി. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിരാംഗത്വത്തിനായുള്ള ബ്രസീലിന്റെയും ഇന്ത്യയുടെയും ശ്രമങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ താല്‍പ്പര്യങ്ങളും പരിഗണിക്കപ്പെടണമെന്ന് ലാവ്റോവ് പറഞ്ഞു. നിലവില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ ചര്‍ച്ചകളില്‍ ഇന്ത്യയുടെ ശ്രമത്തിന് മറ്റ് രാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചു.
സുരക്ഷാ സമിതി പരിഷ്‌കരണ വിഷയത്തില്‍ ജി4, എല്‍69 എന്നീ കൂട്ടായ്മകളുടെ നിലപാടുകളെ പിന്തുണയ്ക്കുന്നതായും, സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് തങ്ങളുടെ പിന്തുണ ആവര്‍ത്തിക്കുന്നതായും മൗറീഷ്യസ് വിദേശകാര്യ മന്ത്രി ധനഞ്ജയ് റാംഫുള്‍ പറഞ്ഞു.
സമിതി പരിഷ്‌കരണത്തില്‍ ജി4, എല്‍69 എന്നിവയുടെ നിലപാടുകളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ആഗോള കാര്യങ്ങളില്‍ ഇന്ത്യ വഹിക്കുന്ന ക്രിയാത്മകമായ പങ്ക് കണക്കിലെടുത്ത്, സ്ഥിരാംഗത്വത്തിനായുള്ള അവരുടെ ശ്രമത്തിന് ഞങ്ങള്‍ വീണ്ടും പിന്തുണ പ്രഖ്യാപിക്കുന്നു,' റാംഫുള്‍ പറഞ്ഞു. സുരക്ഷാ സമിതിയുടെ ഘടനാപരമായ പരിഷ്‌കരണത്തെ പോര്‍ച്ചുഗലും പിന്തുണച്ചു. ആഫ്രിക്ക, ബ്രസീല്‍, ഇന്ത്യ എന്നിവയ്ക്ക് സ്ഥിരാംഗത്വം നല്‍കിക്കൊണ്ട് സമിതിയില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ലൂയിസ് മോണ്ടെനെഗ്രോ ആവശ്യപ്പെട്ടു. അതേസമയം, സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ജപ്പാന്റെയും അവരുടെ ജി4 പങ്കാളികളുടെയും ശ്രമങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ മാര്‍ഷല്‍ ദ്വീപുകള്‍ ആവര്‍ത്തിച്ചു.