Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
രണ്ട് ദിവസത്തിനുള്ളിൽ  തുലാ വർഷം എത്തും ,15 മുതൽ 17 വരെ കനത്ത മഴ.
മലയാളം

രണ്ട് ദിവസത്തിനുള്ളിൽ തുലാ വർഷം എത്തും ,15 മുതൽ 17 വരെ കനത്ത മഴ.

October 14, 2026
1 min read



അടുത്ത 2 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുമെന്നും ഒപ്പം തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം. തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി നിലവിലൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി 17 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. 17 വരം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.



അതിനിടെ 15 മുതൽ 17 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 16 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 17 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ​നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.


തുലാവർഷം തുടങ്ങുകയാണെന്ന് പറയുമ്പോഴും സംസ്ഥാനത്ത് വേനലിന് സമാനമായ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയുമെല്ലാം സാധാരണയേക്കാൾ മൂന്നോ നാലോ ഡിഗ്രി ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് അറിയിപ്പ്.


തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായാതാണ് ചൂട് കൂടാൻ കാരണം. ഈ വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്തുടനീളം ശരാശരി ലഭിക്കേണ്ട മഴയിൽ വലിയ കുറവാണ് ഉണ്ടായത്. 868.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 759.4 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ട ശരാശരിയുടെ 87 ശതമാനം മാത്രമാണ്. ആകെ മഴയിൽ 13 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.. 2001ന് ശേഷം ഏറ്റവും കുറഞ്ഞ മഴ ലഭിച്ച നാലാമത്തെ വർഷമാണിത്.