ചേരാനല്ലൂരില്‍ ഒരാളുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടക്കേസില്‍ വാഹനം ഓടിച്ച 17-കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം. മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. 17 കാരനെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു. പൊലീസുകാര്‍ മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നത് എന്ന് ജയബാലകൃഷ്ണന്റെ മക്കള്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 2.20നായിരുന്നു അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയത്. 17 കാരന്‍ ഓടിച്ച ബെന്‍സ് കാര്‍ അമിത വേഗതയില്‍ എത്തി അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് ജയബാലകൃഷ്ണന്‍ തെറിച്ച് പോയി.
പിന്നീട് ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം അപകടത്തിന് ശേഷം 17 കാരനെ രക്ഷിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് വിമര്‍ശനം. സംഭവം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ തങ്ങളോട് ജഡ്ജി കയര്‍ത്ത് സംസാരിച്ചെന്ന് ബന്ധു ആരോപിച്ചു. 17 കാരന്റെ ഫോട്ടോ എടുത്തപ്പോള്‍ അത് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പ്രശ്‌നം ആകുമെന്ന് പൊലീസ് പറഞ്ഞതായും ബന്ധു പറഞ്ഞു.
കൂടാതെ 17 കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പൊതുനിരത്തില്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ പരുക്കേല്‍ക്കുന്ന രീതിയിലോ അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ ചുമത്തുന്ന ബിഎന്‍എസ് 281 എന്ന വകുപ്പായിരുന്നു ആദ്യം 17 കാരനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പിന്നാലെ പതിനേഴുകാരനെതിരെ നരഹത്യാ വകുപ്പ് ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കും. ആലുവയിലെ ഫ്‌ലാറ്റില്‍ നിന്നാണ് വാഹനം എടുത്തതെന്നാണ്് പതിനേഴുകാരന്‍ പൊലീസിന് നല്‍കിയ മൊഴി. കാറുമായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്‌ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നില്ല എന്നാണ് വിവരം.