ശ്രീനഗര്‍: ജമ്മു ആന്‍ഡ് കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണം. ബുധനാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ ഭീകരര്‍ നാക സുരക്ഷാ ചെക്‌പോസ്റ്റിന് സമീപത്തുളള പാലത്തിന് അടുത്ത് വെച്ച് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു.
ഉച്ചയ്ക്ക് 2.15ഓട് കൂടിയാണ് ആക്രമണം നടന്നതെന്ന് സൈന്യം പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. റോഡിലെ ചെക്ക് പോയിന്റില്‍ ഉണ്ടായിരുന്ന സിപിഐര്‍പിഎഫ് സൈനികരെ ആയിരുന്നു അക്രമികള്‍ ലക്ഷ്യമിട്ടതെന്നും തിരിച്ചറിഞ്ഞിട്ടില്ലാത്ത അക്രമികള്‍ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞുവെന്നും സൈന്യം വ്യക്തമാക്കുന്നു.
രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീര്‍ സിംഗ് എന്നീ സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. സൈനികരുടെ കാലിനും വയറിനും കൈകള്‍ക്കും താടിക്കുമടക്കം വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. രാകേഷ് ദാസിന് കാലിനും സന്തോഷ് ചന്ദ്രുവിന് വയറിലും നട്ടേല്ലിനും, സോംവീര്‍ സിംഗിന് ഇടത് കൈക്കുമാണ് പരിക്ക്. സൈനികരെ ചികിത്സയ്ക്കായി അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം അറിയിച്ചു. മൂന്ന് പേരും അപകട നില തരണം ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിആര്‍പിഎഫ് ക്യാമ്പിലെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. 15 സെക്കന്‍ഡ് കൊണ്ട് അക്രമികള്‍ 30 റൗണ്ട് ആണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റ സൈനികരെ സ്‌ട്രെച്ചറില്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ആക്രമണം നടക്കുന്ന സമയത്ത് ജമ്മു ആന്‍ഡ് കശ്മീര്‍ ലെഫ്റ്റനന്‍ഡ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കുല്‍ഗാം ജില്ലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് ആയിരുന്നില്ല മനോജ് സിന്‍ഹ ഉണ്ടായിരുന്നത്. കുല്‍ഗാമിലെ സര്‍ക്കാര്‍ ഡിഗ്രി കോളേജിലെ മൂന്ന് ദിവസത്തെ വെഷോ ഉത്സവത്തില്‍ പങ്കെടുക്കാനാണ് ലെഫ്. ഗവര്‍ണര്‍ എത്തിയത്.