സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകള്‍, പണം നല്‍കാതെ തന്നെ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. ധനമന്ത്രാലയം തങ്ങളുടെ ഉപകരണ വാങ്ങല്‍ നയത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇതനുസരിച്ച്, അര്‍ഹരായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്, തങ്ങള്‍ക്ക് അനുവദിച്ചുനല്‍കിയ ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സമാനമായ മറ്റ് ഉപകരണങ്ങള്‍ എന്നിവ നാല് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്വന്തമായി സൂക്ഷിക്കാം.
നികുതികള്‍ ഉള്‍പ്പെടെ 1.8 ലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ വകുപ്പുകള്‍ക്ക് പുതിയ നിയമങ്ങള്‍ അനുമതി നല്‍കുന്നു. ഈ വില പരിധിയില്‍ ആപ്പിളിന്റെ മാക്ബുക്ക് എയര്‍, പ്രോ മോഡലുകള്‍ ലഭ്യമാണ്. എന്നാല്‍, ഈ ഉയര്‍ന്ന വില പരിധിക്ക് ഒരു നിബന്ധനയുണ്ട്. 1.8 ലക്ഷം രൂപയുടെ പരിധിയില്‍ വരുന്ന ഉപകരണങ്ങളില്‍ മേക്ക് ഇന്‍ ഇന്ത്യ ഘടകങ്ങള്‍ 40 ശതമാനത്തിലധികം ഉണ്ടായിരിക്കണം.
മറ്റ് ഉപകരണങ്ങളുടെ കാര്യത്തില്‍, നികുതികള്‍ ഉള്‍പ്പെടെ പരമാവധി 1.5 ലക്ഷം രൂപ വരെയാണ് വില പരിധി അനുവദിച്ചിരിക്കുന്നത്. ഈ രണ്ട് പരിധികളിലും സാധാരണ സോഫ്റ്റ്വെയറുകളുടെ വിലയും ഉള്‍പ്പെടുന്നു. നവംബര്‍ 10-ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്സ്പെന്‍ഡിച്ചര്‍ ആണ് ഈ ഭേദഗതി ചെയ്ത നയം പുറപ്പെടുവിച്ചത്. 2023 ജൂലൈയില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ക്ക് പകരമായാണ് ഇത് വരുന്നത്.
അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വില പരിധികള്‍ യഥാക്രമം 1 ലക്ഷം രൂപയും 1.3 ലക്ഷം രൂപയുമായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, നോട്ട്പാഡുകള്‍, അള്‍ട്രാബുക്കുകള്‍, നോട്ട്ബുക്കുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഈ നയം അനുമതി നല്‍കുന്നു. മുന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേസമയം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പുതിയ ലാപ്‌ടോപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. പേ ലെവല്‍ 12 ഉം അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിന് അര്‍ഹതയുണ്ടായിരിക്കും. ഈ ലെവലുകളിലെ അനുവദിക്കപ്പെട്ട മുഴുവന്‍ തസ്തികകളിലുള്ളവര്‍ക്കും ഇത് ബാധകമാണ്. പേ ലെവല്‍ 8 മുതല്‍ 11 വരെയുള്ള ജീവനക്കാരുടെ കാര്യത്തില്‍, അനുവദിക്കപ്പെട്ട തസ്തികകളില്‍ പകുതി പേര്‍ക്ക് മാത്രമേ തുടക്കത്തില്‍ അര്‍ഹതയുണ്ടാവുകയുള്ളൂ.
എന്നാല്‍, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇത് ആവശ്യമാണെന്ന് മന്ത്രാലയത്തിലെയോ വകുപ്പിലെയോ സെക്രട്ടറി, ഫിനാന്‍ഷ്യല്‍ അഡൈ്വസറുമായി കൂടിയാലോചിച്ച് തീരുമാനിക്കുകയാണെങ്കില്‍, ഈ പരിധി 75 ശതമാനം വരെ ഉയര്‍ത്താവുന്നതാണ്. ഈ ഉപകരണങ്ങള്‍ കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളുണ്ട്. നാല് വര്‍ഷത്തിന് ശേഷം ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ലാപ്‌ടോപ്പുകള്‍ കൈവശം വെക്കാവുന്നതാണ്.
എന്നാല്‍ അതിനുമുമ്പായി, അവയിലുള്ള ഔദ്യോഗിക വിവരങ്ങളെല്ലാം വകുപ്പുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിരമിക്കുകയോ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിട്ടുപോവുകയോ ചെയ്യുന്നവര്‍ക്ക്, ഉപകരണങ്ങള്‍ തിരികെ നല്‍കേണ്ടി വരണമെന്നില്ല. സര്‍ക്കാരിന്റെ കണക്കുപ്രകാരം വര്‍ഷം തോറും 25 ശതമാനം എന്ന നിരക്കില്‍ മൂല്യശോഷണം കണക്കാക്കി, ആ തുക അടച്ചുകൊണ്ട് അവര്‍ക്ക് ഉപകരണങ്ങള്‍ കൈവശം വെക്കാവുന്നതാണ്.
https://www.youtube.com/watch?v=PWYFRJkHd54
നിലവിലുള്ള ഉപകരണം അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കണ്ടെത്തിയാല്‍ അല്ലാതെ, നാല് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ഉപകരണം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. പുതുക്കിയ ഈ നയം കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും, അവയുടെ കീഴിലുള്ള അനുബന്ധ ഓഫീസുകള്‍ക്കും ബാധകമാണ്. സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കണ്‍സള്‍ട്ടന്റുകള്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നതല്ല.