Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
ഗിഗ് തൊഴിലാളികളുടെ പിന്നിലിരുന്ന് റാലിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി...
മലയാളം

ഗിഗ് തൊഴിലാളികളുടെ പിന്നിലിരുന്ന് റാലിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി...

November 14, 2026
0 min read

ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കും ക്ഷേമത്തിനുമായി തെലങ്കാന സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൈദരാബാദിൽ നടന്ന ബൈക്ക് റാലിയിൽ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് കോൺഗ്രസ് നേതാക്കളും റാലിയിൽ അദ്ദേഹത്തോടൊപ്പം അണിനിരന്നു.



ഗിഗ് തൊഴിലാളികൾ ഓടിച്ച ഇരുചക്ര വാഹനങ്ങളുടെ പിന്നിലിരുന്നാണ് രാഹുൽ ഗാന്ധിയും രേവന്ത് റെഡ്ഡിയും ഉൾപ്പെടെ റാലിയിൽ പങ്കെടുത്തത്. ഷിൽപാരം സർക്കാർ ഓഡിറ്റോറിയത്തിൽ നിന്ന് ആരംഭിച്ച റാലി മാധാപൂരിലെ ജയഭേരി ഗ്രൗണ്ടിലാണ് സമാപിച്ചത്. ഹൈദരാബാദിലെ ഐടി മേഖലയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.



തുടർന്ന് തെലങ്കാന ഗിഗ് വർക്കേഴ്‌സ് സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ ഗാന്ധി തൊഴിലാളികളെ അഭിസംബോധന ചെയ്‌തു കൊണ്ട് സംസാരിച്ചു. ഗിഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കോൺഗ്രസ് നേരത്തെ നൽകിയ വാഗ്‌ദാനം സർക്കാർ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഭാരത് ജോഡോ യാത്രയിൽ തെലങ്കാനയിലെ ഗിഗ് തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും താൻ മനസിലാക്കിയിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും അന്ന് കോൺഗ്രസ് പാർട്ടിയും മുഖ്യമന്ത്രിയും ഉറപ്പുനൽകിയിരുന്നു.





ആ വാഗ്‌ദാനമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗിഗ് തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ രാഹുൽ ഗാന്ധി നേരത്തെയും ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെയും തൊഴിലാളികളുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഗിഗ് തൊഴിലാളികളുടെ രജിസ്ട്രേഷൻ, സാമൂഹിക സുരക്ഷ, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് തെലങ്കാന സർക്കാർ 2026 മാർച്ചിൽ തെലങ്കാന പ്ലാറ്റ്ഫോം ബേസ്ഡ് ഗിഗ് വർക്കേഴ്‌സ് (രജിസ്ട്രേഷൻ, സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ) ബിൽ പാസാക്കിയിരുന്നു.


ഗാന്ധി കുടുംബം എപ്പോഴും അവരുടെ പ്രതിബദ്ധത നിറവേറ്റുകയും രാജ്യത്തിനായി അവരുടെ ജീവൻ ബലിയർപ്പിക്കുകയും ചെയ്‌തുവെന്ന് പറഞ്ഞ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തെലങ്കാന സർക്കാർ ഗിഗ് തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെന്നും ആരോഗ്യശ്രീ (ആരോഗ്യ പദ്ധതി) കവറേജ് പരിധി 10 ലക്ഷമായി ഉയർത്തിയതായും പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാർ, ഡ്രൈവർമാർ തുടങ്ങിയ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.