Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
വിജയ് ഡല്‍ഹിയിലേക്ക്; സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പ്രകാശനത്തില്‍ പങ്കെടുക്കും...
മലയാളം

വിജയ് ഡല്‍ഹിയിലേക്ക്; സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പ്രകാശനത്തില്‍ പങ്കെടുക്കും...

November 16, 2026
1 min read

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഡല്‍ഹിയില്‍ എത്തിയേക്കും. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനാണ് യാത്ര. കോണ്‍ഗ്രസ് വൃത്തങ്ങളാണ് വിജയ് കൂടി ചടങ്ങിന് എത്തുമെന്ന് അറിയിച്ചത്. എന്നാല്‍ ടിവികെ നേതൃത്വം ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.


ബിലോങിങ്; എ ജേണി ഓഫ് ലവ് എന്ന സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് ഇതിനകം വലിയ ചര്‍ച്ചയായിട്ടുണ്ട്. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനമാണ് തിങ്കളാഴ്ച. വിജയ് ഉള്‍പ്പെടെ രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിജയ് ഡല്‍ഹിയില്‍ എത്തുന്നതിന് മറ്റൊരു ലക്ഷ്യവുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.



കഴിഞ്ഞ ജൂണിലാണ് ഇതിന് മുമ്പ് വിജയ് ഡല്‍ഹിയില്‍ എത്തിയത്. നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. ഈ വേളയില്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വിജയ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തവണ വിജയ് എത്തുമ്പോള്‍ മറ്റുചില ചര്‍ച്ചകളും നടക്കും. തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ തര്‍ക്കത്തിലുള്ള അണക്കെട്ട് നിര്‍മാണമായിരിക്കും മുഖ്യ ചര്‍ച്ച എന്നാണ് കരുതുന്നത്.


മെക്കെദട്ടു അണക്കെട്ട് വിവാദത്തില്‍ തമിഴ്‌നാടും കര്‍ണാടകയും കൊമ്പുകോര്‍ക്കുകയാണ്. കാവേരി നദിയില്‍ അണക്കെട്ട് നിര്‍മിക്കാനാണ് കര്‍ണാടകയുടെ നീക്കം. തമിഴ്‌നാട്ടിലെ കൃഷിയെ ഇത് ബാധിക്കുമെന്ന് വിമര്‍ശനമുണ്ട്. വിജയ് സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഭരണം നടത്തുന്നതും കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിജയ് വേണ്ടവിധം ഇടപെടുന്നില്ല എന്ന വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്.




തമിഴ്‌നാട്ടില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണം എന്ന് ഡിഎംകെ വിജയിയോട് ആവശ്യപ്പെട്ടു. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഷയം ധരിപ്പിക്കണം എന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിജയ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ വച്ച് കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനെ വിജയ് കണ്ടേക്കുമെന്നും സൂചനയുണ്ട്.

കാവേരി നദിയില്‍ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന മെക്കെദട്ടുവില്‍ അണക്കെട്ട് പണിയാനാണ് കര്‍ണാടക ആലോചിക്കുന്നത്. അണക്കെട്ടും റിസര്‍വോയറും പണിത് വെള്ളം സംഭരിക്കാനാണ് നീക്കം. ബെംഗളൂരുവിലെ കുടിവെള്ള പ്രശ്‌നത്തിലെ പരിഹാരം, കാവേരി ജലം തമിഴ്‌നാട്ടിലേക്ക് പോകുന്നത് നിയന്ത്രിക്കല്‍, വൈദ്യുത പദ്ധതി എന്നിവയാണ് കര്‍ണാടകയുടെ ലക്ഷ്യങ്ങള്‍. എന്നാല്‍ അണക്കെട്ട് വന്നാല്‍ വെള്ളം കിട്ടാതാകുമെന്നും സംസ്ഥാനത്തെ ജനജീവിതം തകരുമെന്നും തമിഴ്‌നാട് ഭയക്കുന്നു.