തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കും വോട്ടര്‍ പട്ടികയുടെ എസ്‌ഐആര്‍ നടപടികള്‍ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 പിഴവുകളുണ്ടെന്ന് സുപ്രീം കോടതി. കോടതി ഫീസില്‍ 220 രൂപയുടെ കുറവുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒമ്പത് ഹര്‍ജിക്കാരുടെ ഔദ്യോഗിക സമ്മതപത്രങ്ങള്‍ ഇല്ലാത്തതും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ വ്യക്തമല്ലാത്ത പകര്‍പ്പ് സമര്‍പ്പിച്ചതുമാണ് കോടതി ചൂണ്ടിക്കാട്ടിയ മറ്റ് പിഴവുകള്‍.
തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കള്‍ മാര്‍ച്ച് നടത്തുമ്പോള്‍ തന്നെ വോട്ട് ചോര്‍ച്ച ആരോപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിക്കെതിരെ അവരുടെ നിയമവിദഗ്ധര്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ചില വക്കാലത്തുകള്‍ (നിയമപരമായ രേഖകള്‍) ചേര്‍ക്കാത്തത്, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ വ്യക്തമായ പകര്‍പ്പ് സമര്‍പ്പിക്കാത്തത്, ചെറിയ ഫോണ്ട് ഉപയോഗിച്ചത്, രണ്ട് രേഖകളുടെ കളര്‍ കോപ്പികള്‍ സമര്‍പ്പിക്കാത്തത് തുടങ്ങിയവയാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയ പിഴവുകളില്‍ ഉള്‍പ്പെടുന്നത്. അവ്യക്തമായ അക്ഷരങ്ങള്‍, കാണാതായ പേജുകള്‍, പ്രാദേശിക ഭാഷയിലുള്ള പേജുകള്‍, പേജ് നമ്പറുകളിലെ പിഴവുകള്‍ എന്നിവയും സുപ്രീം കോടതി രജിസ്ട്രി ശ്രദ്ധയില്‍പ്പെടുത്തി.
പ്രതിപക്ഷ നേതാവ് വൈകുന്നേരത്തോടെ സുപ്രീം കോടതിയിലെത്തിയെങ്കിലും, അതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് തന്നെ കോണ്‍ഗ്രസിന്റെ നിയമവിഭാഗം പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അതേസമയം തിങ്കളാഴ്ച നടന്ന മാര്‍ച്ചില്‍ വന്‍തോതില്‍ പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. സുപ്രീം കോടതിയിലേക്ക് നീങ്ങുന്നതിന് മുന്‍പ് ഇവര്‍ മധ്യ ഡല്‍ഹിയില്‍ ഒത്തുകൂടിയിരുന്നു.