Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
Eid Holiday: കേരളത്തില്‍ 2 ദിവസം പൊതു അവധി; ബലിപെരുന്നാള്‍ ആഘോഷം കെങ്കേമമാക്കാം, ഓഫീസുകള്‍ തുറക്കില്ല
മലയാളം

Eid Holiday: കേരളത്തില്‍ 2 ദിവസം പൊതു അവധി; ബലിപെരുന്നാള്‍ ആഘോഷം കെങ്കേമമാക്കാം, ഓഫീസുകള്‍ തുറക്കില്ല

May 24, 2026
1 min read

തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ രണ്ട് ദിവസം അവധി (Two Days Eid Holiday In Kerala). നേരത്തെ ഒരു ദിവസമാണ് തീരുമാനിച്ചിരുന്നത്. മാസപ്പിറവി ദൃശ്യമായതിലെ വ്യത്യാസം കാരണം അവധി രണ്ട് ദിവസമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ രണ്ട് ദിവസവും തുറക്കില്ല.

മെയ് 27ന് മാത്രമാണ് നേരത്തെ പെരുന്നാള്‍ അവധി തീരുമാനിച്ചിരുന്നത്. മാസപ്പിറവി പ്രകാരം മെയ് 28നാണ് കേരളത്തില്‍ ബലിപെരുന്നാള്‍. ഇതോടെ 27, 28 തിയ്യതികളില്‍ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബുധന്‍, വ്യാഴം ദിവസത്തെ അവധി കിട്ടിയതോടെ പെരുന്നാള്‍ അവധി ആഘോഷം കെങ്കേമമാക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. അതേസമയം, ബംഗാളില്‍ പെരുന്നാള്‍ അവധി വെട്ടിച്ചുരുക്കി.

ബക്രീദ് പ്രമാണിച്ച് മെയ് 28 പൊതു അവധിയായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച അവധി ദിനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. മെയ് 28 വ്യാഴാഴ്ച ബക്രീദിന്റെ ഭാഗമായി പൊതു അവധിയായിരിക്കും എന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ സര്‍ക്കാര്‍

അറിയിച്ചു

നേരത്തെ മെയ് 26, 27 തീയതികളില്‍ പ്രഖ്യാപിച്ച അവധികള്‍ സര്‍ക്കാര്‍ റദ്ദാക്കി. 'മേല്‍സൂചിപ്പിച്ച വിജ്ഞാപനത്തില്‍ ഭാഗികമായി മാറ്റം വരുത്തി, ഗവര്‍ണര്‍ മെയ് 28 (വ്യാഴാഴ്ച) ബക്രീദ് പ്രമാണിച്ച് പൊതു അവധിയായി പ്രഖ്യാപിക്കുന്നതില്‍ സന്തോഷിക്കുന്നു' എന്ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. ഇതനുസരിച്ച്, ചൊവ്വാഴ്ചയും ബുധനാഴ്ചയും എല്ലാ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധാരണ പ്രവൃത്തി ദിനങ്ങളായിരിക്കും. ബക്രീദിന് മുന്നോടിയായി കാളകള്‍, പോത്ത്, പശുക്കള്‍, എരുമകള്‍ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരായ വിജ്ഞാപനത്തില്‍ ഇടപെടാന്‍ കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു.


ചീഫ് ജസ്റ്റിസ് സുജോയ് പോളും ജസ്റ്റിസ് പാര്‍ത്ഥ സാരഥി സെന്നും അടങ്ങിയ ഡിവിഷന്‍ ബെഞ്ച്, നേരത്തെ കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് നിരീക്ഷിച്ചു. ബക്രീദിന് പശുവിനെ ബലി കഴിക്കുന്നത് ഇസ്ലാമിലെ നിര്‍ബന്ധിത മതപരമായ ആചാരമല്ലെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബക്രീദിന് മുന്നോടിയായി വെസ്റ്റ് ബംഗാള്‍ അനിമല്‍ സ്ലോട്ടര്‍ കണ്‍ട്രോള്‍ ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം. അതാത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനുള്ള ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള സംവിധാനം നിലവിലുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.