Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
ബൈജൂ രവീന്ദ്രന് 6 മാസം ജയിൽ ശിക്ഷ! കീഴടങ്ങാൻ ഉത്തരവിട്ട് സിംഗപ്പൂർ കോടതി; വൻ തിരിച്ചടി
മലയാളം

ബൈജൂ രവീന്ദ്രന് 6 മാസം ജയിൽ ശിക്ഷ! കീഴടങ്ങാൻ ഉത്തരവിട്ട് സിംഗപ്പൂർ കോടതി; വൻ തിരിച്ചടി

May 27, 2026
1 min read

പ്രമുഖ ഇന്ത്യൻ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ (Byju's) സ്ഥാപകനും മലയാളി വ്യവസായിയുമായ ബൈജു രവീന്ദ്രന് വൻ തിരിച്ചടി. കോടതി അലക്ഷ്യക്കേസിൽ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. സ്വന്തം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോടതി നൽകിയ ഒന്നിലധികം നിർദ്ദേശങ്ങൾ തുടർച്ചയായി ലംഘിച്ചതിനെ തുടർന്നാണ് ഈ കർശന നടപടി.2024 ഏപ്രിൽ മുതൽ ബൈജു രവീന്ദ്രന്റെ ആസ്തികളുമായി ബന്ധപ്പെട്ട് സിംഗപ്പൂർ കോടതി പല ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും പാലിക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് കോടതി കണ്ടെത്തി. കോടതി അലക്ഷ്യത്തിന് ആറുമാസം ജയിൽ ശിക്ഷ അനുഭിക്കുന്നതിനൊപ്പം സിംഗപ്പൂർ അധികൃതർക്ക് മുന്നിൽ ഉടൻ കീഴടങ്ങാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെ കോടതിച്ചെലവായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 67.46 ലക്ഷം രൂപ) പിഴയായും നൽകണം. ബൈജൂസിന്റെ അനുബന്ധ കമ്പനിയിൽ ഓഹരികളുള്ള 'ബീയാർ ഇൻവെസ്റ്റ്കോ' എന്ന സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ബൈജൂസ് കമ്പനിയിൽ വലിയ തുക നിക്ഷേപിച്ച അന്താരാഷ്ട്ര നിക്ഷേപകരായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (QIA) ഉപകമ്പനി നൽകിയ ഹർജിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ വിധി. കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ടായിരുന്ന ബൈജൂസ് തകർച്ചയിലേക്ക് നീങ്ങിയതോടെ നിക്ഷേപകർ ലോകമെമ്പാടുമുള്ള വിവിധ കോടതികളിൽ ബൈജു രവീന്ദ്രനെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഈ കേസിൽ ഖത്തർ ഹോൾഡിങ്സിന് വേണ്ടി പ്രമുഖ നിയമ സ്ഥാപനമായ ഡ്രൂ ആൻഡ് നേപ്പിയർ ആണ് ഹാജരായത്. ആഗോളതലത്തിൽ വർദ്ധിക്കുന്ന നിയമക്കുരുക്കുകൾ ഒരു കാലത്ത് 22 ബില്യൺ ഡോളർ മൂല്യവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് വിജയഗാഥയായിരുന്ന ബൈജൂസ് ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ് നേരിടുന്നത്. അമേരിക്കയിലെ വായ്പാദാതാക്കൾ 1.2 ബില്യൺ ഡോളറിന്റെ വായ്പയുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനിൽ നിന്ന് തുക ഈടാക്കാനായി യുഎസ് കോടതികളെ സമീപിച്ചിട്ടുണ്ട്. നേരത്തെ യുഎസ് ബാങ്ക്റപ്റ്റ്സി കോടതിയും സമാനമായ രീതിയിൽ കോടതി ഉത്തരവ് ലംഘിച്ചതിന് ബൈജുവിനെതിരെ നടപടി എടുത്തിരുന്നു. നിലവിൽ ബൈജു രവീന്ദ്രൻ സിംഗപ്പൂരിലാണോ അതോ മറ്റേതെങ്കിലും രാജ്യത്താണോ ഉള്ളതെന്ന കാര്യം വ്യക്തമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ജയിൽ ശിക്ഷാ വിധി മലയാളി സംരംഭകനായ ബൈജു രവീന്ദ്രന്റെ കരിയറിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.