തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി പ്രമുഖ വ്യവസായി എം.എ യൂസഫലി രഹസ്യ അന്തർധാര ഉണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ശരത്ചന്ദ്ര പ്രസാദ് രംഗത്ത്. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ യൂസഫലി യുഡിഎഫിനോട് കാണിച്ച കടുത്ത ചതിയാണ് തന്റെ പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം തുറന്നടിച്ചു. ന്യൂനപക്ഷ വോട്ടുകൾ ആസൂത്രിതമായി മറിച്ച് നൽകിയാണ് മണ്ഡലത്തിൽ ബിജെപിയെ സഹായിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.കഴക്കൂട്ടത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രന് ന്യൂനപക്ഷ വോട്ടുകൾ മറിച്ച് നൽകി യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും, അതിലൂടെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയുടെ വി. മുരളീധരനെ ജയിപ്പിക്കാനുമാണ് യൂസഫലി നീക്കം നടത്തിയതെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ വാദം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വി. മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും സ്പോൺസർ ചെയ്ത് ജയിപ്പിച്ചു കൊടുക്കാനാണ് വ്യവസായ പ്രമുഖൻ ശ്രമിച്ചതെന്ന് ശരത്ചന്ദ്ര പ്രസാദ് പറയുന്നു. യൂസഫലിയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിലെ മഹൽ കമ്മിറ്റികൾ അടിയന്തിരമായി വിളിച്ചുചേർക്കപ്പെട്ടു. യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന പരമ്പരാഗത ന്യൂനപക്ഷ വോട്ടുകൾ കടകംപള്ളി സുരേന്ദ്രന് നൽകാൻ ഈ യോഗങ്ങളിൽ നിർദ്ദേശം നൽകുകയായിരുന്നു. ഇതിലൂടെ തനിക്ക് ലഭിക്കേണ്ട വോട്ടുകളിൽ വൻ കുറവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എൽഡിഎഫിന്റെ വോട്ടുകൾ ബിജെപിക്ക് പോയതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറുകയാണ്. കഴക്കൂട്ടം മണ്ഡലത്തിൽ നടന്ന കടുത്ത മത്സരത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 46,564 വോട്ടുകൾ മുരളീധരൻ പിടിച്ചപ്പോൾ സിറ്റിങ് എംഎൽഎയായിരുന്ന കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് 37,183 വോട്ടുകളാണ് ലഭിച്ചത്.
സിറ്റിങ് എംഎൽഎയായിരുന്ന കടകംപള്ളി സുരേന്ദ്രനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് വി. മുരളീധരൻ മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ, കൃത്യമായ ആസൂത്രണത്തിലൂടെ എൽഡിഎഫിന്റെ 6,500 ഓളം വോട്ടുകൾ ബിജെപിക്ക് മറിച്ചുനൽകിയാണ് ഈ വിജയം സാധ്യമാക്കിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.