Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
സൗദി അറേബ്യയുടെ മാജിക് മൂവ്; ആവേശത്തോടെ ഇന്ത്യ, യുഎഇയെ വീഴ്ത്തുമോ, എണ്ണ വില കുറയും
മലയാളം

സൗദി അറേബ്യയുടെ മാജിക് മൂവ്; ആവേശത്തോടെ ഇന്ത്യ, യുഎഇയെ വീഴ്ത്തുമോ, എണ്ണ വില കുറയും

June 28, 2026
1 min read

സൗദി അറേബ്യയ്ക്ക് ലോകത്തെ പ്രധാന വിപണികള്‍ നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മറ്റൊരു നീക്കം. ഓഗസ്റ്റ് മാസത്തില്‍ ഏഷ്യയിലേക്ക് നല്‍കാനിരിക്കുന്ന ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ സൗദി കുറച്ചേക്കും. റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വെയിലാണ് വിപണി നിരീക്ഷകര്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുന്നതിനിടെയാണ് സൗദി വില കുറയ്ക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സൗദി അരാംകോ ഏഷ്യയിലേക്കുള്ള എണ്ണയ്ക്ക് വില കുറയ്ക്കുന്നുണ്ട്. ഒപെകില്‍ നിന്ന് രാജിവെച്ച യുഎഇ കൂടുതല്‍ ക്രൂഡ് ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുകയാണ്. ഇന്ത്യയിലേക്ക് അയക്കുന്ന എണ്ണയുടെ അളവ് യുഎഇ കുത്തനെ വര്‍ധിപ്പിച്ചു. ലോകത്തെ പ്രധാന വിപണിയായ ഇന്ത്യയില്‍ യുഎഇ എണ്ണയുടെ സാന്നിധ്യം ശക്തമാകുമ്പോള്‍ സൗദി മറുതന്ത്രം പയറ്റുകയാണ്.

യുഎഇക്ക് പിന്നാലെ ഇറാഖും ഒപെക് കൂട്ടായ്മയില്‍ നിന്ന് രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈയില്‍ ഇതുസംബന്ധിച്ച് ഇറാഖ് അന്തിമ തീരുമാനമെടുത്തേക്കും. ഇറാഖ് ഒപെക് വിടുകയും കൂടുതല്‍ ഉള്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുകയും ചെയ്താല്‍ സൗദിയുടെ വിപണികള്‍ നഷ്ടമായേക്കും. ഇന്ത്യ കൂടുതല്‍ ക്രൂഡ് വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. ഈ സാഹചര്യമെല്ലാം മുന്നില്‍ കണ്ടാണ് സൗദി അരാംകോ ക്രൂഡ് വില കുറയ്ക്കാന്‍ പോകുന്നത്. സൗദി എത്ര വരെ വില കുറയ്ക്കും ഏഷ്യന്‍ വിപണിയിലെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണക്കമ്പനികള്‍ക്ക് സൗദിയുടെ പുതിയ തീരുമാനം അനുകൂലമാകും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോ, തങ്ങളുടെ പ്രധാന ഇനമായ 'അറബ് ലൈറ്റ്' ക്രൂഡിന്റെ വില ബാരലിന് 6.50 ഡോളര്‍ മുതല്‍ 8.00 ഡോളര്‍ വരെ കുറയ്ക്കുമെന്നാണ് സൂചന. ഇതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള അറബ് ലൈറ്റിന്റെ പ്രീമിയം തുക ദുബായ്/ഒമാന്‍ ശരാശരി നിരക്കിനേക്കാള്‍ വെറും 1.50 മുതല്‍ 3 ഡോളര്‍ വരെ മാത്രമായി ചുരുങ്ങും. ജൂലൈ മാസത്തില്‍ ഇത് ഒമാന്‍/ദുബായ് നിരക്കുകളേക്കാള്‍ ബാരലിന് 9.50 ഡോളര്‍ അധികമായിരുന്നു.

അറബ് ലൈറ്റിന് പുറമെ അറബ് എക്‌സ്ട്രാ ലൈറ്റ്, മീഡിയം, ഹെവി തുടങ്ങിയ മറ്റ് ക്രൂഡ് ഇനങ്ങള്‍ക്കും ഇതേ അളവില്‍ വില കുറയ്ക്കാനാണ് അരാംകോയുടെ പദ്ധതി. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിതരണ ശൃംഖലയില്‍ നേരിട്ട പ്രതിസന്ധികളെത്തുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ സൗദി ക്രൂഡിന്റെ ആവശ്യകതയില്‍ നേരിയ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമെന്നോണം കൂടിയാണ് പുതിയ നീക്കം. ക്രൂഡ് വില കുറഞ്ഞു വരികയാണ്, പക്ഷേ സൗദി ക്രൂഡിന് ആവശ്യം കുറയുന്നതിന് ചില കാരണങ്ങളുണ്ട്. ഹോര്‍മൂസ് കടലിടുക്ക് താല്‍ക്കാലികമായി തുറക്കാന്‍ ധാരണയായത് വിപണിയിലെ ആശങ്കകള്‍ക്ക് അയവു വരുത്തി. ഇതോടെ ആഗോള എണ്ണക്കടത്തുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറയുകയും ദുബായ്, ഒമാന്‍, മര്‍ബന്‍ ക്രൂഡ് ഓയിലുകളുടെ വില ഇടിയുകയും ചെയ്തു. ഉപരോധങ്ങളില്‍ ഇളവുകള്‍ ലഭിച്ചതോടെ ഇറാന്‍ എണ്ണ വിപണിയിലേക്ക് വന്‍തോതില്‍ ക്രൂഡ് ഓയില്‍ എത്തിക്കാന്‍ തുടങ്ങി. ഇറാനില്‍ നിന്നുള്ള വിതരണം കൂടിയതോടെ മിഡില്‍ ഈസ്റ്റ് എണ്ണ വിപണിയിലെ മൊത്തത്തിലുള്ള ലഭ്യത വര്‍ദ്ധിക്കുകയും ഇത് വിലയെ താഴേക്ക് നയിക്കുകയും ചെയ്തു. പേര്‍ഷ്യന്‍ ഗള്‍ഫിലെ തങ്ങളുടെ പ്രധാന തുറമുഖമായ റാസ് തനൂറയില്‍ നിന്ന് ക്രൂഡ് ഓയില്‍ കയറ്റുമതി പുനരാരംഭിക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുകയാണ്. നിലവില്‍ ചെങ്കടലിലെ യാന്‍ബു തുറമുഖം വഴിയാണ് സൗദി പ്രധാനമായും കയറ്റുമതി നടത്തുന്നത്. രണ്ട് വഴിയിലൂടെയുമുള്ള വിതരണം എണ്ണയുടെ ഒഴുക്ക് ഇരട്ടിയാക്കും. ഈ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അത് ഇന്ത്യയിലുടനീളമുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ യുദ്ധം വീണ്ടും ശക്തിപ്പെടുന്നു എന്ന വിവരം വിപണി ആശങ്കയോടെയാണ് കാണുന്നത്.