Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം; 15 ലേറെ മരണം
മലയാളം

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം; 15 ലേറെ മരണം

July 11, 2026
0 min read


രാജ്യത്തെ ഒന്നാകെ നടുക്കിക്കൊണ്ട് വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് വൻ അപകടം. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ദ്വീപായ ഫൂ ക്വോക്കിന് സമീപമായിരുന്നു സംഭവം. ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ടാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗം പേരും ഇന്ത്യൻ സഞ്ചാരികളാണ്. നിലവിൽ ലഭിക്കുന്ന രാജ്യാന്തര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 15 ലേറെ പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശങ്ക.

മേ റൂട്ട് എൻഗോയ് എന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനിയുടെ കീഴിലുള്ള ഈ ബോട്ട് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ മാത്രം പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് പൂർണ്ണമായി തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 32 യാത്രക്കാരും 3 ജീവനക്കാരുമടക്കം 35 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.



അപകടവിവരമറിഞ്ഞ് വിയറ്റ്‌നാം ഭരണകൂടം സൈന്യത്തെയും പൊലീസിനെയും സിവിൽ രക്ഷാപ്രവർത്തകരെയും രംഗത്തിറക്കി വലിയ തോതിലുള്ള തെരച്ചിലാണ് നടത്തുന്നത്. പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ട്. പത്തിലേറെ പേരെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്. ഇവർക്ക് അൻ തോയ് തുറമുഖത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കാണാതായ മറ്റുള്ളവർക്കായി കടലിൽ ഇപ്പോഴും ഊർജ്ജിതമായ തിരച്ചിൽ നടക്കുകയാണ്.


സംഭവത്തെത്തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി കാര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ ഇന്ത്യൻ എംബസിയിലും അടിയന്തര കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്. അപകടത്തിന്റെ കാരണവും മരണവും സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ അധികൃതർ അന്വേഷിക്കുകയാണ്.