ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. സംഘർഷം എട്ടാം മാസത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ ആക്രമണത്തിനുള്ള സാധ്യത അദ്ദേഹം മുന്നോട്ടുവെച്ചത്. അതേസമയം, അമേരിക്കയും ഇസ്രായേലും ഇറാനെതിരായ സൈനിക നീക്കങ്ങൾ പുനരാരംഭിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ആശയവിനിമയ കേബിളുകൾ ലക്ഷ്യമിടാൻ ഇറാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് വീണ്ടും സൈനിക നടപടി ആരംഭിക്കാനുള്ള സാധ്യത സൂചിപ്പിച്ചത്. ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കത്തിന് നൽകിയിരിക്കുന്ന പേരായ എപ്പിക് ഫ്യൂറിയെ പരാമർശിച്ച്, നമുക്ക് മറ്റൊരു ചെറിയ എപ്പിക് ഫ്യൂറി കൂടി നടത്താം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പുതിയ സൈനിക നീക്കത്തിന്റെ സ്വഭാവത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല. ഫെബ്രുവരി 28നാണ് ഇറാനെതിരായ യുദ്ധം ആരംഭിച്ചത്.
യുദ്ധം എത്രകാലം തുടരുമെന്ന കാര്യത്തിലെ അനിശ്ചിതത്വം, ഇന്ധനവിലയിലെ വർധന, പുതിയ സൈനിക ഏറ്റുമുട്ടലുകൾ സൃഷ്‌ടിക്കാവുന്ന സാമ്പത്തികവും പ്രാദേശികവുമായ പ്രത്യാഘാതങ്ങൾ എന്നിവയ്ക്കിടയിലാണ് ട്രംപിന്റെ ഈ പ്രസ്‌താവന. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാനെതിരായ ആക്രമണങ്ങളിലും ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേർക്ക് വീടും നാടും ഉപേക്ഷിച്ച് പലായനം നടത്തേണ്ടി വരികയും ചെയ്‌തിരുന്നു. നേരത്തെ വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ യുദ്ധം ഉടൻ അവസാനിപ്പിക്കണോ അതോ ക്രമേണ ശക്തി കുറഞ്ഞ് അവസാനിക്കാൻ അനുവദിക്കണോ എന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് ഇത് വളരെ വേഗത്തിൽ അവസാനിപ്പിക്കാം. എന്നാൽ യുദ്ധം അവസാനിപ്പിക്കണോ അതോ ക്രമേണ ദുർബലമാകാൻ അനുവദിക്കണോ എന്നതാണ് ചോദ്യമെന്നും ട്രംപ് പറഞ്ഞു.
യുദ്ധത്തിന്റെ ലക്ഷ്യങ്ങളും അവസാനിക്കാനുള്ള സമയപരിധിയും സംബന്ധിച്ച് ട്രംപ് പലതവണ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് ഈ മാസം ആദ്യം അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ചർച്ചകൾ നടത്തിവരുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയായിരുന്നു ഈ അഭിപ്രായ പ്രകടനം. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതികൾ അമേരിക്കൻ, ഇസ്രായേൽ സൈന്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ, ആണവ കേന്ദ്രങ്ങൾ, മിസൈൽ ശേഖരം, ആളില്ലാ വിമാനങ്ങൾ എന്നിവ ആക്രമണത്തിന്റെ ലക്ഷ്യങ്ങളായേക്കാമെന്ന് സൂചിപ്പിച്ചിരുന്നു.
അതിനിടെ ഇറാനെതിരായ പുതിയ സൈനിക നീക്കം സംഘർഷം കൂടുതൽ വ്യാപിപ്പിക്കുകയും സാമ്പത്തിക പ്രത്യാഘാതങ്ങൾ രൂക്ഷമാക്കുകയും ചെയ്യുമെന്ന് വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്‌താംബൂളിൽ നടന്ന യോഗത്തിലാണ് അവർ ആശങ്ക അറിയിച്ചത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, തുർക്കി, ഈജിപ്‌ത്, പാകിസ്ഥാൻ, സൗദി അറേബ്യ, ഇറ്റലി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.