Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
യുഎഇയെ ഞെട്ടിച്ച് ആണവ കേന്ദ്രത്തിന് അടുത്ത് ഡ്രോണ്‍; തീ പടര്‍ന്നു, സൗദി അതിര്‍ത്തിയില്‍
മലയാളം

യുഎഇയെ ഞെട്ടിച്ച് ആണവ കേന്ദ്രത്തിന് അടുത്ത് ഡ്രോണ്‍; തീ പടര്‍ന്നു, സൗദി അതിര്‍ത്തിയില്‍

May 17, 2026
1 min read

യുഎഇയെ ഞെട്ടിച്ച് ആണവ കേന്ദ്രത്തിന് അടുത്ത് ഡ്രോണ്‍ ആക്രമണം. തീ പടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സൗദി അറേബ്യയുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ ദഫ്ര മേഖലയിലാണ് യുഎഇയുടെ ആണവ നിലയം. ആര്‍ക്കും പരിക്കില്ലെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ആണവ വികിരണവും സംഭവിച്ചിട്ടില്ല. നിലയത്തിന്റെ പുറത്തുള്ള ജനറേറ്ററിന് അടുത്ത് നിന്നാണ് തീ ഉയര്‍ന്നത്

ആണവ നിലയത്തിന്റെ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റഗുലേഷന്‍ അറിയിച്ചു. എങ്കിലും ഈ സുരക്ഷിത മേഖലയില്‍ എങ്ങനെ ആക്രമണം നടന്നു എന്ന ചോദ്യം ബാക്കിയാണ്. ആരാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമല്ല. നേരത്തെ ഇറാനും അമേരിക്കയും സംഘര്‍ഷം രൂക്ഷമായ വേളയില്‍ ഇവിടെ ആക്രമണം നടന്നിരുന്നു. അന്ന് ഇറാനെയാണ് കുറ്റപ്പെടുത്തിയിരുന്നത്

ബറക ആണവോര്‍ജ നിലയില്‍ നാല് റിയാക്ടറുകളാണുള്ളത്. സൗദി അതിര്‍ത്തിയോട് ചേര്‍ന്ന അബുദാബിയിലെ പടിഞ്ഞാറന്‍ മരുഭൂമിയിലാണ് ഈ നിലയം. ദക്ഷിണ കൊറിയയുടെ സഹായത്തോടെയാണ് നിലയം സ്ഥാപിച്ചത്. 2000 കോടി ഡോളര്‍ ചെലവിട്ട് നിര്‍മിച്ച ഈ നിലയം 2020 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അറേബ്യ ഉപഭൂഖണ്ഡത്തിലെ ഏക ആണവ നിലയം കൂടിയാണിത്.

സമീപകാലത്ത് നടക്കുന്ന യുദ്ധങ്ങളില്‍ ആണവ കേന്ദ്രങ്ങളും ലക്ഷ്യമിടുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധ വേളയിലും സമാനമായ ഭീതി ഉണ്ടായിരുന്നു. ഇറാനിലെ ബുഷ്ഹര്‍ ആണവ നിലയം അമേരിക്ക ആക്രമിച്ചതും ആശങ്കയ്ക്ക് ഇടയാക്കി. ഇതിന് പിന്നാലെയാണ് യുഎഇയിലെ ആണവ കേന്ദ്രത്തിന് അടുത്ത് ആക്രമണമുണ്ടായിരിക്കുന്നത്. ആണവ വികിരണം സംഭവിച്ചാല്‍ മേഖല വലിയ ദുരന്തത്തിന് സാക്ഷിയാകും.

ഇറാന്‍ ഹോര്‍മുസ് കടല്‍പാത അടച്ചതോടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ക്രൂഡ് ഓയില്‍ കയറ്റുമതി ശക്തമാക്കാനാണ് യുഎഇയുടെ തീരുമാനം. ഹോര്‍മുസ് തൊടാതെ പുറംലോകത്തേക്ക് എണ്ണ കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് യുഎഇ. എണ്ണ മേഖലയില്‍ നിന്ന് ഫുജൈറ തുറമുഖത്തേക്കാണ് പൈപ്പ് ലൈന്‍ വരുന്നത്. യുഎഇയിലെ രണ്ടാമത്തെ പൈപ്പ് ലൈന്‍ ആണിത്. അടുത്ത വര്‍ഷം പൈപ്പ് ലൈന്‍ പ്രവര്‍ത്തന സജ്ജമാകും. അഡ്‌നോക്ക് ചുക്കാന്‍ പിടിക്കുന്ന ഈ പദ്ധതി യുഎഇയുടെ എണ്ണ കയറ്റുമതി ശക്തിപ്പെടുത്തും. ഒപെകില്‍ നിന്ന് രാജിവച്ച് സ്വന്തമായി എണ്ണ ഉല്‍പ്പാദനവുമായി മുന്നോട്ട് പോകുകയാണ് യുഎഇ. ഇനി എത്ര വേണമെങ്കിലും ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും യുഎഇക്ക് സാധിക്കും.

ഫുജറ തുമുഖത്ത് നിന്ന് ഒമാന്‍ കടല്‍ വഴി അറബിക്കടലിലേക്ക് എത്താന്‍ കപ്പലുകള്‍ക്ക് കഴിയും. ഈ വഴിയാണ് യുഎഇ ഉപയോഗപ്പെടുത്തുന്നത്. ഹോര്‍മുസിലൂടെ ഇനി യാത്ര ചെയ്യേണ്ടതില്ല. അതുകൊണ്ടുതന്നെ ഹോര്‍മുസ് പാത ഇറാന്‍ തടഞ്ഞാലും യുഎഇയുടെ കയറ്റുമതി തടസപ്പെടില്ല. എന്നാല്‍ ഈ മേഖലയില്‍ ഇറാന്റെ ആക്രമണം നേരത്തെ നടന്നിരുന്നു എന്നത് ആശങ്കയാണ്